MANUSHYANU ORU AAMUKHAM

തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്, അയാളുടെ അമ്മാവന് ഗോവിന്ദന് , ഗോവിന്ദന്റെ അച്ഛന് നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില്‍ തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറി. ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവല്‍ രചന. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്ന ഓര്‍മക്കുറിപ്പുകളുമാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് പ്രധാന കൃതികള്‍.